എല്‍പി സ്കൂളിലെ പൂജ; വിദ്യാഭ്യാസവകുപ്പ് റിപ്പോര്‍ട്ട് തേടി
Wednesday, February 14, 2024 1:23 PM IST
കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ ബിജെപി പ്രവര്‍ത്തകര്‍ പൂജ നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. കുന്നുമേല്‍ എഇഒയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എഇഒ അറിയിച്ചു.
സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി ഗണപതിഹോമം നടത്തിയത്.
സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പൂജ നടക്കുന്ന കാര്യം വ്യക്തമായത്. ഇതോടെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പ്രതിഷേധിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
പിന്നാലെ തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.