വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി ഡോ.ജസ്റ്റിൻ മഠത്തിൽ പറന്പിൽ അഭിഷിക്തനായി
Monday, February 12, 2024 7:05 PM IST
കോട്ടയം: ഡോ.ജസ്റ്റിൻ മഠത്തിൽ പറന്പിൽ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി അഭിഷിക്തനായി. പ്രാർഥനാ മുഖരിതമായ ആന്തരീക്ഷത്തിൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെതെച്ചേരിൽ വിശ്വസ്തയുടെ അടയാളമായ മോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു.
തുടർന്ന് അജപാലനാധികാരത്തിന്റെ ചിഹ്നമായ ദണ്ഡ് നൽകി ഭദ്രാസന കസേരയിൽ ഇരുത്തിയതോടെ കത്തീഡ്രൽ അങ്കണത്തിൽ എത്തിയ വിശ്വാസി സഹസ്രങ്ങൾ കരഘോഷം മുഴക്കി .അഭിഷേക ചടങ്ങുകളുടെ ആദ്യഭാഗത്ത് വരാപ്പുഴ ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറന്പിലും തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോയും മുഖ്യ സഹകാർമികരായി.
വിശുദ്ധകുർബാനയ്ക്ക് അഭിഷിക്തനായ സഹായ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽ പറന്പിൽ മുഖ്യ കാർമികത്വം വഹിച്ചു. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതി പ്രസിഡന്റും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകി.
സിറോ മലങ്കര മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ- മലബാർ മേജർ ആർച്ച്ബിഷപ് എമരിത്തുസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
നേരത്തെ നിയുക്ത മെത്രാനെയും മറ്റു മെത്രാൻമാരെയും വിശിഷ്ട അതിഥികളെയും ബിഷപ്പ് അബ്രോസ് അബസോള പ്രവേശന കവാടത്തിൽ സ്വീകരിച്ച് ബാൻഡ് മേളത്തിന്റെ അകന്പടിയോടെ വിമലഗിരി കത്തീഡ്രലിലെക്ക് ആനയിച്ചു.
വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് സിറോ മലബാർ സഭാ മേജർ ആച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖ സന്ദേശം നൽകിയതോടെ മെത്രാഭിഷേക കർമങ്ങൾ ആരംഭിച്ചു.