കെ. ബാബുവിന് തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി
Monday, February 12, 2024 11:25 AM IST
ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബുവിന് തിരിച്ചടി. കെ ബാബു നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ബാബുവിന് എതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്കി.
സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ.ബാബു സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കിയത്. ബാബു ഉന്നയിച്ച എതിര്‍പ്പുകള്‍ക്ക് യാതൊരു ന്യായവുമില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ കെ. ബാബു മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജാണ് കേസ് നൽകിയത്.
ശബരിമല സ്ത്രീപ്രവേശന വിവാദത്തെത്തുടർന്ന് അയ്യപ്പന്റെ ചിത്രമുള്ള വോട്ടേഴ്സ് സ്ലിപ് ബാബു വിതരണം ചെയ്തെന്ന ആരോപണം ഉയര്‍ത്തിയാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കൃത്രിമമായ രേഖകളാണ് സ്വരാജ് കോടതിയില്‍ നല്‍കിയതെന്നാണ് ബാബുവിന്റെ വാദം.