ഇന്ത്യയെ തകർത്തു; കൗമാര ലോകകപ്പ് ഓസ്ട്രേലിയക്ക്
Sunday, February 11, 2024 9:07 PM IST
ബെനോണി: അണ്ടർ19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 79 റൺസിന് തകർത്ത് ഓസ്ട്രേലിയ ജേതാക്കളായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റണ്‍സെടുത്തു.
55 റണ്‍സ് നേടിയ ഹര്‍ജാസ് സിംഗ് ഓസീസിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി. 254 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 43.5 ഓവറില്‍ 174 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ഏഴു ബാറ്റര്‍മാർക്ക് രണ്ടക്കം കടക്കാനായില്ല
അണ്ടര്‍ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം ഓസ്ട്രേലിയ മുന്നോട്ടുവെച്ചപ്പോഴെ ഇന്ത്യ അപകടം മണത്തിരുന്നു. 68 റൺസിനിടെ നാലു മുൻനിര ബാറ്റ്സ്മാൻമാരെ ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് വന്ന ആർക്കും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ഓസീസിന് വിജയം എളുപ്പമാക്കി.
ഓസ്ട്രേലിയ്ക്കായി മഹ്ലി ബേഡ്മനും റാഫ് മാക്മില്ലനും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മഹ്ലി ബേഡ്മാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
2012ല്‍ ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഓസീസിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ 2018ല്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യ മന്‍ജ്യോത് കല്‍റയുടെ നേതൃത്വത്തില്‍ കപ്പുയര്‍ത്തി.
ആറാം തവണയാണ് ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പ് ഫൈനൽ കളിക്കുന്നത്. പ്രഥമ അണ്ടർ 19 ലോകകപ്പ് (1988) ജേതാക്കളാണ് ഓസീസ്. പിന്നീട് 2002, 2010 വർഷങ്ങളിലും ഓസീസ് കൗമാര ലോകകപ്പ് സ്വന്തമാക്കി.