കടമെടുപ്പ്: കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
Saturday, February 10, 2024 8:44 PM IST
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി 26226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രമറുപടി.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാൻ അനുമതി ഉള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് സാമ്പത്തികവർഷവും ഈ പരിധിക്കപ്പുറം കടമെടുക്കാൻ കേരളത്തെ അനുവദിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷം നാല് ശതമാനവും തൊട്ടടുത്ത സാമ്പത്തിക വർഷം 3.5 ശതമാനവും കടമെടുക്കാൻ അനുവദിച്ചിട്ടുണ്ട് എന്നാണ് കേന്ദ്രം സുപ്രീം കോടതിയിയെ അറിയിച്ചത്.
കേരളത്തിനെ അധികം കടമെടുക്കാൻ അനുവദിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പിനെയും ബാധിക്കാനിടയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.