പൊന്മുടിയില് കാട്ടാനയിറങ്ങി; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്
Saturday, February 10, 2024 12:20 AM IST
തിരുവനന്തപുരം: പൊന്മുടിയിൽ കാട്ടാനയിറങ്ങിയത് പരിഭ്രാന്തിപരത്തി. റോഡിന് വശത്തായി വനത്തിനകത്ത് കാട്ടാനകള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആന റോഡിലേക്ക് ഇറങ്ങാതിരിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രണ്ട് കാട്ടാനകള്‍ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള ചുരം റോഡിലെ നാലാം വളവിൽ നിലയുറപ്പിച്ചത്. ഇതുവഴി വരികയായിരുന്ന സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പിനെ വിവരമറിയിച്ചു.
വനം വകുപ്പ് അധികൃതർ ആനകളെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും റോഡിന് വശത്തായി വനത്തിനകത്ത് ആനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. സഞ്ചാരികൾ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.