പാക്കിസ്ഥാനിൽ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്
Friday, February 9, 2024 10:11 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ-എൻ (പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്) പാർട്ടി. പിഎംഎൽ-എൻ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി നവാസ് ഷെരീഫ് പറഞ്ഞു.
മറ്റു പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ഷെഫീഫ് വ്യക്തമാക്കി. പാക്കിസ്ഥാനെ പുനർനിർമിക്കാൻ സുസ്ഥിരമായി സർക്കാർ വേണം. ഇതിനായി മറ്റു പാർട്ടികൾ താനുമായി കൈക്കോർക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിയിൽനിന്നു കരകയറാൻ പത്തു വർഷമെങ്കിലും സുസ്ഥിരമായ സർക്കാർ വേണമെന്നും ഷെരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎൽ-എൻ 42 സീറ്റുകളിലാണ് വിജയിച്ചത്.
അതേസമയം മുൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ (തെഹ്രിക് ഇ ഇൻസാഫ്)പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികള്‍ 86 സീറ്റിലും വിജയിച്ചു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർഥികൾ മത്സരിച്ചത്.