"ജസ്പ്രീത് ഒന്നാമന്'; ചരിത്രം കുറിച്ച് ബുംറ
Wednesday, February 7, 2024 3:11 PM IST
മുംബൈ: ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി ജസ്പ്രീത് ബുംറ. വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 91 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് ബുംറയുടെ റാങ്കിംഗിലെ മുന്നേറ്റം.
881 പോയിന്റുള്ള ബുംറയ്ക്ക് നിലവിലെ റേറ്റിംഗ് ആറ് വര്‍ഷത്തെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ചതാണ്. 1979-80-ല്‍ റിട്രോസ്പെക്റ്റീവ് ടേബിളില്‍ രണ്ടാം സ്ഥാനത്തായിരുന്ന കപില്‍ ദേവിന്റെ പേരിലാണ് ഇതിനുമുമ്പുള്ള മികച്ച റാങ്കിംഗ്.
851 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. പുതിയ റാങ്കിംഗില്‍ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന് മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം ബൗളര്‍മാരുടെ റാങ്കിംഗില്‍ അശ്വിനായിരുന്നു ഒന്നാമന്.
വിശാഖപട്ടണം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 37 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 29-ാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രൗളിയും എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് ആണ് ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒന്നാമന്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ വില്യംസൺ മിന്നുന്ന ഫോമിലാണ്.