തൃശൂർ എടുക്കാൻ; അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് സുരേഷ്ഗോപി
Tuesday, February 6, 2024 5:52 PM IST
തൃശൂർ: ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞ സുരേഷ്ഗോപി അനൗദ്യോഗികമായി തന്റെ പ്രചരണപരിപാടികൾ തുടങ്ങി.
തൃശൂർ ലോക്സഭ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ നേതൃത്വവുമായി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തികച്ചും പാർട്ടിയുടെ സ്വകാര്യ പരിപാടിയായി നടത്തുന്ന ഇത്തരം യോഗങ്ങളിൽ പുറമെ നിന്നുള്ളവർക്കോ മാധ്യമപ്രവർത്തകർക്കോ പ്രവേശനമില്ല.
ലോക്സഭമണ്ഡലത്തിലെന്പാടും വരും ദിവസങ്ങളിൽ ഇത്തരം യോഗങ്ങൾ നടക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പരമാവധി യോഗങ്ങളിൽ സുരേഷ്ഗോപി നേരിട്ടു പങ്കെടുക്കും. പങ്കെടുക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴി സംവദിക്കും.
ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി സുരേഷ്ഗോപി തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി എത്തിക്കഴിഞ്ഞു. ഒന്നു രണ്ടു വ്യക്തിപരമായ യാത്രകൾ കൂടി കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചുക്കാൻ പിടിച്ച് ഡബ്ബിൾ സ്ട്രോംഗായി എസ്ജി സജീവമാകുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
തൃശൂരിൽ സുരേഷ്ഗോപിയല്ലാതെ മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കുന്നില്ലെന്നു തന്നെയാണ് ബിജെപി നേതൃത്വം പറയുന്നത്.