വ്യാജ ലഹരിക്കേസ്: എക്സൈസിനെതിരേ പ്രതി നാരായണദാസ് ഹൈക്കോടതിയിൽ
Tuesday, February 6, 2024 1:29 PM IST
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് വ്യാജമായി പ്രതി ചേർത്തുവെന്നും തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു.
ഹർജി പരിഗണിച്ച ജസ്റ്റീസ് രാജ വിജയരാഘവൻ എക്സൈസിനോട് മറുപടി തേടി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതിചേർക്കുമെന്ന സാഹചര്യത്തിൽ നാരായണദാസ് ഹൈക്കോടതിയിൽ ഹർജി നല്‍കിയിരുന്നു. ഇതിന്റെ ഉപഹർജിയായാണ് അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹർജിയിൽ ആരോപിക്കുന്നു.
ഷീലയുടെ ബന്ധുവായ യുവതിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇയാൾക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. വ്യാജവിവരം കൈമാറുന്നതും ലഹരിവസ്തുക്കൾ ഒളിപ്പിച്ച് നിരപരാധികളെ പിടിപ്പിക്കുന്നതും മയക്കുമരുന്ന് കൈവശംവയ്ക്കുന്നതിനു സമാനമായ കുറ്റമാണെന്ന് അന്വേഷണസംഘം പറഞ്ഞു. അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം അറിയണമെന്ന് ഷീല സണ്ണി പ്രതികരിച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരി 27നായിരുന്നു ഷീല സണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിൽ എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
വാട്സാപ്പ് കോളിലൂടെ ഷീലയുടെ പക്കൽ മയക്കുമരുന്നു സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്സൈസ് സിഐക്കു വിവരം നൽകിയത് നാരായണദാസാണ്. സതീഷ് എന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ സ്റ്റാമ്പുണ്ടാകുമെന്നും വൈകുന്നേരം നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നുമായിരുന്നു പറഞ്ഞത്.
അന്വേഷണസംഘത്തിന്റെ തലവൻ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. മജു ഇക്കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗൂഢാലോചനയിൽ ഷീലയുടെ ബന്ധുവും ഉൾപ്പെടുമെന്നാണു സൂചന.
ഷീലയുടെ ബന്ധുവായ യുവതി നേരത്തേതന്നെ അന്വേഷണസംഘത്തിന്റെ സംശയ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അന്പത്തിരണ്ടുകാരനായ നാരായണ ദാസിലേക്ക് അന്വേഷണം എത്തുന്നത് ഇപ്പോൾ മാത്രമാണ്.
യുവതിക്ക് ഒറ്റയ്ക്ക് ഇത്രയും കാര്യങ്ങൾ ചെയ്യാനാകുമോ എന്ന സംശയവും, തുടർന്ന് യുവതിയുടെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് വിശദമായി പരിശോധിക്കുകയും ചെയ്തപ്പോഴാണ് കേസിന്റെ വഴി ബംഗളൂരുവിലേക്കും ഇയാളിലേക്കും ചെന്നെത്തിയത്. ഈ സാഹചര്യത്തിൽ ഷീലയുടെ ബന്ധുവായ യുവതിയെയും ചോദ്യംചെയ്യും.