മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
Tuesday, February 6, 2024 4:39 AM IST
ലക്നോ: ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സ്ത്രീയെയും 17കാരനായ മകനെയും ഉൾപ്പടെ മൂന്ന് പേരെ വെടിവെച്ചുകൊന്ന കേസിൽ പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹൃഷികേശ് പാണ്ഡെ പ്രതികളായ ലാലൻ ഖാൻ എന്ന സിറാജ് ഖാൻ, മകൻ ഫറാസ് ഖാൻ, ഡ്രൈവർ അഷ്റഫി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അസിസ്റ്റന്റ് പ്രോസിക്യൂഷൻ ഓഫീസർ രാജേന്ദ്ര പാണ്ഡെ, വാദിയുടെ അഭിഭാഷകൻ ശൈലേന്ദ്ര സിംഗ് യാദവ് എന്നിവർ ഹർജിയെ എതിർത്തതിനെ തുടർന്നാണ് നടപടി.
കേസിലെ നാലാം പ്രതിയായ ഫുർകാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ഫർഹീൻ ഖാൻ (40), മകൻ ഹഞ്ജല, ഹഞ്ജലയുടെ അമ്മാവൻ മുനീർ ഖാൻ എന്ന താജ് (50) എന്നിവരെ സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ വെടിവെച്ച് കൊന്നത്. മലിഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഫരീദ് അഹമ്മദ് ഖാൻ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലിഹാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവ ദിവസം വീട്ടിലേക്ക് കാറിൽ വന്ന പ്രതികൾ തന്നെയും കുടുംബത്തെയും അപമാനിക്കാൻ തുടങ്ങിയെന്ന് ഫരീദ് അഹമ്മദ് ഖാൻ എഫ്ഐആറിൽ പറയുന്നു. സിറാജ് ഖാന്റെ കൈയിൽ റൈഫിൾ ഉണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാണ്.
ബഹളം കേട്ട് പരാതിക്കാരന്റെ ബന്ധുവായ മുനീർ ഖാൻ ഇടപെടാൻ ശ്രമിച്ചു. തുടർന്ന് സിറാജ് ഖാനും മകൻ ഫറാസ് ഖാനും വെടിയുതിർക്കുകയും ഫർഹീൻ, ഹഞ്ജല, മുനീർ എന്നിവരെ കൊല്ലുകയും ചെയ്യുകയുമായിരുന്നു.
ഞായറാഴ്ച റിമാൻഡ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.