ബജറ്റിൽ വിഹിതം കുറവ് : സിപിഐ മന്ത്രിമാർക്ക് അതൃപ്തി
Monday, February 5, 2024 10:22 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തങ്ങളുടെ വകുപ്പുകൾക്ക് ആവശ്യമായ വിഹിതമില്ലെന്ന പരാതിയുമായി സിപിഐ മന്ത്രിമാർ. അതൃപ്തി അറിയിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിലും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ .ചിഞ്ചു റാണിയും രംഗത്തെത്തി. ധനമന്ത്രിക്ക് അതൃപ്തി അറിയിച്ച് മന്ത്രി ജി.ആർ.അനിൽ കത്തും നൽകി.
സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീർക്കാൻ സഹായം അനുവദിക്കാത്തതിലുമാണ് ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പ്രതിഷേധം. ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈ കൊടുക്കാൻ പോലും ജി.ആർ.അനിൽ വിസമ്മതിച്ചു.
പത്ത് കോടി രൂപ മാത്രമാണ് സപ്ലൈകോയ്ക്ക് ബജറ്റില്‍ അനുവദിച്ചത്. മൃഗസംരക്ഷണ വകുപ്പിന് വകയിരുത്തിയ തുക കുറഞ്ഞെന്നും വിലയിരുത്തലുണ്ട്. ബജറ്റിലെ അവഗണനയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐടിയുസിയും രംഗത്തെത്തി.
അതേസമയം കേരളത്തിന് വലിയ രീതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.