ഗില്ലിന് സെഞ്ചുറി; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
Sunday, February 4, 2024 5:41 PM IST
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സെഞ്ചുറി നേടിയ യുവതാരം ശുഭ്മാൻ ഗില്ലിന്റെ(104) കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 255 റൺസെടുത്തു. ഒന്നാം ഇന്നിംഗിസിലെ 171 റൺസ് ലീഡ് ഉൾപ്പടെ ഇന്ത്യ മുന്നോട്ടുവച്ച 399 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്.
രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 332 റണ്‍സ് കൂടി വേണം. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), ആദ്യ ഇന്നിംഗ്സിലെ ഇരട്ട ശതകക്കാരന്‍ യശസ്വി ജയ്സ്വാള്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായെങ്കിലും സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ല് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.
ഇംഗ്ലണ്ടിനായി ടോം ഹാര്‍ട് ലി നാലും രഹാന് അഹമദ് മൂന്നും ജെയിംസ് ആന്ഡേഴ്സന് രണ്ട് ഷൊയ്ബ് ബഷീര്‍ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ബെന്‍ ഡുക്കറ്റിന്റെ വിക്കറ്റാണ് നഷ്ടമായത്. 29 റണ്‍സുമായി സാക് ക്രൗളിയും ഒന്‍പത് റണ്‍സുമായി രാത്രി കാവല്ക്കാരന് രഹാന് അഹമദുമാണ് ക്രീസില്‍. ആര്. അശ്വിനാണ് ബെന്‍ ഡുക്കറ്റിനെ മടക്കിയത്.