ഗ്യാൻവാപി മസ്ജിദിൽ മൂന്നാം ദിനവും പൂജ
Saturday, February 3, 2024 9:28 AM IST
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിനുള്ളിൽ കാശിവിശ്വനാഥ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൂന്നാം ദിനവും പൂജകൾ നടത്തി. കനത്ത സുരക്ഷയിലാണ് പൂജകൾ നടത്തിയത്. 20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കുന്നതായി മുസ്ലിം വ്യക്തി ബോർഡ് ആരോപിച്ചു. അതേസമയം സമുച്ചയത്തിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേചെയ്യാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് സ്ഥിതിചെയ്യുന്ന മേഖലയിൽ ക്രമസമാധാനം പാലിക്കണമെന്ന നിർദേശം മാത്രം നൽകിയാണ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റീസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് തള്ളിയത്.
ജില്ലാ മജിസ്ട്രേറ്റിനെ റിസീവറായി നിയമിച്ച ഉത്തരവിനെയാണ് ആദ്യം മസ്ജിദ് കമ്മിറ്റി ചോദ്യംചെയ്യേണ്ടത്. ജനുവരി 17ലെ ഉത്തരവ് എന്തുകൊണ്ട് ഹർജിക്കാർ ചോദ്യംചെയ്യുന്നില്ല. ഈ ഉത്തരവിനു ശേഷമാണ് മസ്ജിദ് സമുച്ചയത്തിൽ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താൻ അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, ജനുവരിയിലെ ഉത്തരവ് പെട്ടെന്നായിരുന്നുവെന്നും ഈ ഉത്തരവ് വന്നയുടൻ ജില്ലാ മജിസ്ട്രേറ്റ് രാത്രി ഒരുക്കങ്ങൾ നടത്തി ഒന്പത് മണിക്കൂറിനുള്ളിൽ പൂജ തുടങ്ങിയെന്നും മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് ഹർജികളിൽ ഭേദഗതിവരുത്താൻ സമയം അനുവദിച്ച കോടതി ഈ മാസം ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി.
ഹിന്ദു വിഭാഗത്തിന്റെ ആരാധന ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി ഉടൻ കേൾക്കാൻ കോടതി വിസമ്മതിച്ചിരുന്നു.