കാലിക്കട്ട് സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ ഗവർണറുടെ ഉത്തരവ്
Saturday, February 3, 2024 12:01 AM IST
തിരുവനന്തപുരം: കാലിക്കട്ട് സർവകലാശാലാ സിൻഡിക്കറ്റ് തെരഞ്ഞെടുപ്പു നടപടികൾ നിർത്തിവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. ഇതു സംബന്ധിച്ചു വൈസ് ചാൻസലറോട് വിശദീകരണം തേടാനും നിർദേശിച്ചിട്ടുണ്ട്. സർവകലാശാല ചാൻസലർ എന്ന നിലയിലാണു ഗവർണറുടെ നടപടി.
സെനറ്റിലേക്കു ഗവർണർ നാമനിർദേശം ചെയ്ത രണ്ട് സർവകലാശാലാ അധ്യാപകർ സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിൽ നൽകിയ നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫിസർ കൂടിയായ റജിസ്ട്രാർ തള്ളുകയും യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ നിന്നു സിപിഎം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ അവസരം നൽകിയിരുന്നു. പത്രിക തള്ളപ്പെട്ട അധ്യാപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.
പത്രിക തള്ളിയതു സംബന്ധിച്ചു വിസി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി, കാലിക്കട്ട് വിസിക്കു നൽകി. സെനറ്റിലേക്കുള്ള ഗവർണറുടെ നോമിനികളായ ഡോ.പി.രവീന്ദ്രൻ, ഡോ.ടി.എം.വാസുദേവൻ എന്നിവർ യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവരുടെ പത്രികകൾ റജിസ്ട്രാർ തള്ളിയത്.