അധിക്ഷേപ പരാമർശം; സാബു എം. ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Friday, February 2, 2024 8:24 PM IST
കൊച്ചി: കിറ്റക്സ് എംഡിയും ട്വന്റി ട്വന്റി പാര്‍ട്ടി ചെയര്‍മാനുമായ സാബു എം. ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന കേസിലാണ് കോടതി നടപടി.
മാർച്ച് മൂന്ന് വരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി.
കേസ് അന്വേഷണവുമായി സഹകരിക്കാൻ കോടതി സാബുവിനു നിർദ്ദേശം നൽകി. എന്നാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പോലീസ് നടപടിക്കു മുൻപ് സാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലായിരുന്നു കേസ്.