ഗ്യാൻവാപി മസ്ജിദിൽ പൂജ; അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി മസ്ജിദ് കമ്മിറ്റി
Thursday, February 1, 2024 4:23 PM IST
ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.
വ്യാഴാഴ്ചയാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ജില്ല കോടതിയുടെ ഉത്തരവിൽ അടിയന്തര വാദം കേൾക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. അതേസമയം, ഹിന്ദു വിഭാഗം തടസ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ, ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ഹർജിക്ക് അനുമതി ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. പിന്നാലെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
അതേസമയം ജില്ല കോടതി ഉത്തരവ് പ്രകാരം ഹിന്ദു വിഭാഗം ഇന്ന് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തിയിരുന്നു.