അയോധ്യ പരാമർശം: വീടൊഴിയണമെന്ന് മണിശങ്കർ അയ്യരുടെ മകളോട് റെസിഡന്‍സ് അസോസിയേഷൻ
Thursday, February 1, 2024 2:43 PM IST
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതിഷേധക്കുറിപ്പിട്ടതിന്, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ക്ക് വീടൊഴിയാന്‍ നോട്ടീസ്.
തെക്കുകിഴക്കൻ ഡൽഹിയിലെ ജംഗ്പുരയിലെ റെസിഡന്‍സ് അസോസിയേഷനാണ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ സുരണ്യക്കുമെതിരേ രംഗത്തെത്തിയത്. അയോധ്യ പ്രാണപ്രതിഷ്ഠ സംബന്ധിച്ച സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കോളനിയിലെ താമസക്കാര്‍ പരാതിപ്പെട്ടു എന്നാണ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി നോട്ടീസില്‍ പറഞ്ഞത്.
സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്തതിന് മാപ്പു പറയുകയോ അല്ലെങ്കില്‍ വീടു വിട്ടു പോകുകയോ ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
അതേസമയം, താന്‍ താമസിക്കുന്നത് പ്രസ്തുത റെസിഡന്‍സ് അസോസിയേഷനുള്ള സ്ഥലത്തല്ലെന്നും അവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരണ്യ അയ്യര്‍ പ്രതികരിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പ്രതിഷേധിച്ച് താന്‍ അന്നേദിവസം ഉപവാസമിരിക്കുമെന്ന് സുരണ്യ അയ്യര്‍ ജനുവരി 20ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മുസ്ലിം സഹോദരങ്ങളോടുള്ള സ്നേഹവും ദുഃഖവും പങ്കുവെച്ചാണ് താനിങ്ങനെ ചെയ്യുന്നതെന്നും സുരണ്യ വ്യക്തമാക്കുകയുണ്ടായി.
റസിഡന്‍സ് അസോസിയേഷന്റെ നോട്ടീസിനെ പിന്തുണച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.