ജോസ് കെ. മാണിയുടെ വീട്ടിൽ ജോണി നെല്ലൂര്‍; പാർട്ടി പ്രവേശനം ഇന്നുണ്ടായേക്കും
Saturday, January 27, 2024 2:18 PM IST
കോട്ടയം: മുൻ എംഎൽഎ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയുടെ വീട്ടിലെത്തി. ഇന്നു രാവിലെ പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിയ ജോണി നെല്ലൂര്‍ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. ജോണി നെല്ലൂരിന്റെ പാർട്ടി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണു സൂചന.
കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു താത്പര്യമെന്നു കഴിഞ്ഞ ദിവസം ജോണി നെല്ലൂര്‍ കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി മോഹങ്ങളോ, സ്ഥാനമാനങ്ങളെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കര്‍ഷകർക്കായി പോരാടാനും ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കു പ്രത്യേകിച്ച് ക്രൈസ്തവ താത്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു.
അതേസമയം, ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയ കേരളത്തിനു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ജോസ് കെ. മാണി. ജോസഫ് ഗ്രൂപ്പില്‍ പലരും അസ്വസ്ഥരാണ്. പലരും മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
കര്‍ഷകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും കര്‍ഷക താത്പര്യം സംരക്ഷിക്കുന്ന നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി പാലായില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.