മാനനഷ്ടക്കേസില്‍ ട്രംപിന് തിരിച്ചടി; 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
Saturday, January 27, 2024 9:30 AM IST
വാഷിംഗ്ടണ്‍ ഡിസി: മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു.
പരാതിക്കാരിയായ ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുക നഷ്ടടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ജീന്‍ കാരള്‍ ട്രംപിനെതിരേ പീഡന പരാതി ഉന്നയിച്ചത്.
1996ല്‍ തന്നെ ട്രംപ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രചാരവേലയാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം .ഇതിനെതിരെയാണ് ജീന്‍ കാരള്‍ കോടതിയെ സമീപിച്ചത്. അതേസമയം വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.