മുഖ്യമന്ത്രിയാക്കണം; എൻഡിഎയുമായി ചർച്ച തുടങ്ങി നിതീഷ് കുമാർ
Friday, January 26, 2024 2:45 PM IST
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎയ്ക്കൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകണമെന്നും രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നൽകാമെന്നും ജെഡി-യു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ എൻഡിഎ അറിയിച്ചതായാണ് വിവരം.
ഞായറാഴ്ച വരെയുള്ള നിതീഷന്റെ പൊതുപരിപാടികളും റദ്ദാക്കി. ബിജെപി പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതിനു മുന്നോടിയായി നിതീഷിന്റെ തന്നെ നേതൃത്വത്തിലുള്ള നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും. ആർജെഡിയും ജെഡി-യുവും കോൺഗ്രസും ഇടതുപാർട്ടികളും ചേർന്നതാണ് മഹാസഖ്യ സർക്കാർ.
മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷനെയും പാർട്ടി ദേശീയ നേതൃത്വം ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം ലാലു പ്രസാദ് യാദവിനെ ഇറക്കി അനുനയനീക്കങ്ങൾക്കും ഇന്ത്യാ സഖ്യം ശ്രമിക്കുന്നുണ്ട്. ജെഡിയു-ആര്‍ജെഡി ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്.
തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022ൽ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയാറല്ലെന്നാണ് സൂചന. ഇതും സഖ്യം വിടുന്ന തീരുമാനത്തിലേക്ക് നിതീഷിനെ എത്തിച്ചുവെന്നാണ് വിലയിരുത്തല്‍.
ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെഡി-യുവിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്.