മസാല ബോണ്ട് നിയമപരം; ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്ന് തോമസ് ഐസക്ക്
Thursday, January 25, 2024 12:49 PM IST
തിരുവനന്തപുരം: മസാല ബോണ്ട് നിയമപരമാണെന്നും ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസത്തയ്ക്ക് എതിരാണ് ഇഡിയുടെ നടപടിയെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന തോമസ് ഐസക്കിന്റെ വാദങ്ങള്‍ തള്ളി ഇഡി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കിയത് തോമസ് ഐസക്കും മുഖ്യമന്ത്രിയുമാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
തോമസ് ഐസക്കിന്റെ പങ്ക് വ്യക്തമാക്കുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിട്സ് രേഖകൾ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ വാദം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചു. ഇത് അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ അതിനു ചുമതലപ്പെടുത്തിയതും തോമസ് ഐസക്കിനെയായിരുന്നു.
ഇതുസംബന്ധിച്ച വ്യക്തമായ രേഖകൾ ഉള്ളതോടെ തനിക്കു മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തില്‍ ഇല്ലെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്നും ഇഡി വ്യക്തമാക്കുന്നു.