""സംസാരിച്ചത് ഒളിമ്പിക്സിലെ പ്രായപരിധിയെക്കുറിച്ച് ''; വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് മേരി കോം
Thursday, January 25, 2024 11:22 AM IST
ന്യൂഡല്‍ഹി: വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് വിശദീകരണം.
ആസാമിലെ ഒരു സ്കൂളില്‍ നടന്ന പരിപാടിയിൽ വച്ച് താന്‍ സംസാരിച്ചത് ഒളിമ്പിക്സിലെ പ്രായപരിധിയെക്കുറിച്ചാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ് വരെയാണ്. തനിക്ക് ഇപ്പോള്‍ 41 വയസായി.
അതുകൊണ്ട് അടുത്ത ഒളിംബിക്സില് പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് താന്‍ പറഞ്ഞത്. ഇതാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
താന്‍ വിരമിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അറിയിക്കുമെന്നും മേരി കോം പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മേരി കോം വിരമിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
.വനിത ബോക്സിംഗ് ചരിത്രത്തിൽ ആറ് തവണ ലോക ഒന്നാം നമ്പർ താരമായ ഏക വ്യക്തിയാണ് മേരി കോം. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത ബോക്സിംഗ് താരമെന്ന ഖ്യാതിയും മേരി കോമിന് സ്വന്തമാണ്. 2005, 2006, 2008, 2010 ലോക ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിരുന്നു.