വിരമിക്കൽ പ്രഖ്യാപിച്ച് മേരി കോം
Thursday, January 25, 2024 6:40 AM IST
ന്യൂഡൽഹി: ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക്ക് മെഡൽ ജേതാവുമായ മംഗ്ടെ ചുംഗ്നെയാംഗ് മേരി കോം ഗ്ലൗ അഴിച്ചു. പ്രായ പരിധി മൂലമാണ് വിരമിക്കലെന്ന് താരം പ്രതികരിച്ചു.
ബുധനാഴ്ചയാണ് ബോക്സിംഗ് രംഗത്ത് നിന്ന് വിരമിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ മാനദണ്ഡങ്ങൾ പ്രകാരം 40 വയസ് പിന്നിട്ട താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മത്സരങ്ങളിൽ പങ്കെടുക്കാൻ താൻ തയാറാണ് എന്നാൽ പ്രായ പരിധി കാരണം വിരമിക്കാൻ നിർബന്ധിതയായെന്നും വിടവാങ്ങൽ ചടങ്ങിൽ താരം പ്രതികരിച്ചു.
18ാം വയസിൽ സ്ക്രാന്റണിൽ അരങ്ങേറ്റം കുറിച്ച മേരി കോം കായിക ലോകത്തെ അമ്പരിപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. ലോകം കണ്ട മികച്ച ബോക്സിംഗ് താരങ്ങളിൽ ഒരാളായാണ് മേരി കോം പടിയിറങ്ങുന്നത്.
വനിത ബോക്സിംഗ് ചരിത്രത്തിൽ ആറ് തവണ ലോക ഒന്നാം നമ്പർ താരമായ ഏക വ്യക്തിയാണ് മേരി കോം. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത ബോക്സിംഗ് താരമെന്ന ഖ്യാതിയും മേരി കോമിന് സ്വന്തമാണ്. 2005, 2006, 2008, 2010 ലോക ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിരുന്നു.