തോമസ് ഐസക്കിന് മസാല ബോണ്ട് വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല; ഇഡി ഹൈക്കോടതിയിൽ
Wednesday, January 24, 2024 10:25 PM IST
കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് നിർണായക പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. മസാല ബോണ്ട് വിഷയത്തിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല എന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി വ്യക്തമാക്കി.
കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സ് രേഖകൾ പുറത്ത് വിട്ടാണ് ഇഡിയുടെ വാദം. ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. ഉയർന്ന പലിശ നൽകി ബോണ്ട് ഇറക്കുന്നതിൽ ചീഫ് സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഭാവിയിൽ ഇത് ഗുണം ചെയ്യുമെന്ന് തോമസ് ഐസക്കാണ് പറഞ്ഞത്. തുടർന്നാണ് മസാല ബോണ്ട് ഇറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത് എന്ന് ഇഡി അറിയിച്ചു.
മസാല ബോണ്ടിന്റെ വില സംബന്ധിച്ച പ്രശ്നങ്ങൾ ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തിയത് തോമസ് ഐസക്കിനെയായിരുന്നു എന്ന് ഇഡി വ്യക്തമാക്കി.
ഇക്കാരണങ്ങളാൽ തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ല. പത്ത് മാസമായി കിഫ്ബിയടക്കം എതിർ കക്ഷികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി.