ബിഗ് ബാഷ് കിരീടം ബ്രിസ്ബെയ്ൻ ഹീറ്റ്സിന്
വെബ് ഡെസ്ക്
Wednesday, January 24, 2024 7:55 PM IST
അഡ്ലെയ്ഡ്: കരുത്തരായ സിഡ്നി സിക്സേഴ്സിനെ 54 റൺസിന് ഫൈനലിൽ തകർത്ത് ബ്രിസ്ബെയ്ൻ ഹീറ്റ്സ് ബിഗ് ബാഷ് ട്വന്റി-20 കിരീടം സ്വന്തമാക്കി. 11 വർഷത്തിന് ശേഷമാണ് ഹീറ്റ്സ് രണ്ടാം കിരീടം ചൂടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഹീറ്റ്സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 166 റൺസ് നേടി. 17.3 ഓവറിൽ 112 റൺസിൽ സിക്സേഴ്സ് പോരാട്ടം അവസാനിപ്പിച്ചു.
26 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഇടംകൈയൻ പേസർ സ്പെൻസർ ജോൺസന്റെ ബൗളിംഗ് മികവാണ് സിക്സേഴ്സിനെ തകർത്തത്. സേവിയർ ബാർട്ലെറ്റ്, മിച്ചൽ സ്വപ്സൺ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ജോൺസണാണ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്.
25 റൺസ് നേടിയ നായകൻ മോയിസസ് ഹെൻഡ്രിക്വസ് ആണ് സിക്സേഴ്സിന്റെ ടോപ്പ് സ്കോറർ. ജോഷ് ഫിലിപ്പെ 23 റൺസ് നേടി. മറ്റാർക്കും കാര്യമായ സംഭാവന നൽകാനിയില്ല.
നേരത്തെ ഓപ്പണർ ജോഷ് ബ്രൗൺ നേടിയ അർധ സെഞ്ചുറിയാണ് (53) ഹീറ്റ്സിന് തുണയായത്. മാറ്റ് റെൻഷോ (40), നഥാൻ മക്സ്വീനി (33) എന്നിവരും തിളങ്ങി. 38 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ജോഷിന്റെ ഇന്നിംഗ്സ്. സിക്സേഴ്സിനായി സീന അബോട്ട് നാല് വിക്കറ്റുകൾ വീഴ്ത്തി.