ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികളെ പിടികൂടി ഡൽഹി പോലീസ്
Wednesday, January 24, 2024 6:08 PM IST
ന്യൂഡൽഹി: ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതക കേസ് പ്രതികളെ പിടികൂടി ഡൽഹി പോലീസ്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനും പ്രതികളെ പിടികൂടാനുമാണ് പോലീസ് പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയത്. ഡൽഹി സ്വദേശി ഹിതേന്ദ്രയുടെ മൃതദേഹമാണ് പോലീസ് തിരിച്ചറിഞ്ഞത്.
ജനുവരി 10 ന് ഗീതാ കോളനി മേൽപ്പാലത്തിന് താഴെ മുഖം വികൃതമായ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരിച്ച വ്യക്തിയെ തിരിച്ചരിയാൻ മറ്റ് അടാളങ്ങളും കണ്ടത്താനായില്ല. തുടർന്നാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോലീസ് മൃതദേഹത്തിന്റെ മുഖം വികസിപ്പിച്ചെടുത്തത്. പിന്നീട് മരിച്ചയാളുടെ സഹോദരൻ ചിത്രം തിരിച്ചരിഞ്ഞതായി പോലീസ് അറിയിച്ചു.
മൃതദേഹം തിരിച്ചറിഞ്ഞതോടെ മരിച്ചയാളും മറ്റ് മൂന്ന് പേരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഹിതേന്ദ്രയെ വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചിട്ടതായി പ്രതികൾ മൊഴി നൽകിയത്. സംഭവത്തിൽ മൃതദേഹം മറവ്ചെയ്യാൻ സഹായിച്ച ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.