രാജ്യത്തെ കായിക രംഗത്ത് ഏറ്റവും മുന്നിൽ കേരളം, ഒരേ മനസോടെ നീങ്ങിയാൽ ഇനിയും ഉയരാം: മുഖ്യമന്ത്രി
Tuesday, January 23, 2024 7:56 PM IST
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച കായിക രംഗം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഒരു കായിക നയം രൂപീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ കായിക ശേഷി വർധിപ്പിക്കാൻ പുതിയ കളിക്കളങ്ങൾ നിർമിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വെൽനെസ് ആന്റ് ഫിറ്റ്നസ് ഹബ് ആക്കി മാറ്റുന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പ്രഥമ അന്തർദേശീയ സ്പോർട്സ് സമിറ്റ് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരേ മനസോടെ നീങ്ങിയാൽ സ്പോർട്സ് മേഖലയെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും. കേരളത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയുണ്ട്. ചില പോരായ്മകളും ഈ രംഗത്ത് ഉണ്ട്. ഒരു കാലത്ത് മുൻ നിരയിൽ ഉണ്ടായിരുന്ന കായി ഇനങ്ങൾക്ക് ഇന്ന് പ്രാധാന്യം നഷ്ടപ്പെട്ടു. ഇവയ്ക്ക മുൻതൂക്കം നൽകിയാണ് സർക്കാർ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കായിക രംഗത്തെ ശക്തിപ്പെടുത്തുന്നതാണ് അന്തർദേശീയ സ്പോർട്സ് സമിറ്റ്. രാജ്യത്ത് ആദ്യമായാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. സ്പോർട്സ് ഇക്കണോമി എന്ന ഭാവനാ സമ്പന്നമായ കാഴ്ച്ചപ്പാടാണ് ഈ പരിപാടിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.