മറാത്ത്വാഡയിൽ 2023ൽ ജീവനൊടുക്കിയത് 1,088 കർഷകർ
Tuesday, January 23, 2024 5:31 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലെ എട്ട് ജില്ലകളിലായി 2013ൽ 1,088 കർഷകർ ജീവനൊടുക്കിയെന്ന് ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ നിന്നും റിപ്പോർട്ട്. 2022 നെ അപേക്ഷിച്ച് 65 മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബീഡിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 269 മരണങ്ങൾ രേഖപ്പെടുത്തിയത്. ഛത്രപതി സംഭാജിനഗറിൽ 182, നന്ദേഡിൽ 175, ധാരാശിവിൽ 171, പർഭാനിയിൽ 103 എന്നിങ്ങനെയാണ് റിപ്പോർട്ട്. ജൽന, ലാത്തൂർ, ഹിംഗോളി എന്നിവിടങ്ങളിൽ യഥാക്രമം 74, 72, 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് പ്രകാരം, ഛത്രപതി സംഭാജിനഗർ, ജൽന, ബീഡ്, ഹിംഗോലി, ധാരാശിവ്, ലാത്തൂർ, നന്ദേഡ്, പർഭാനി ജില്ലകൾ ഉൾപ്പെടുന്ന മറാത്ത്വാഡയിൽ 2022ൽ 1,023 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഓരോ കേസും ഭരണകൂടം അന്വേഷിച്ചതിൽ അർഹതപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. 1,088 കേസുകളിൽ 777 എണ്ണം നഷ്ടപരിഹാരത്തിന് അർഹതയുള്ളവയാണ്. ഈ കുടുംബങ്ങൾക്ക് പണം കൈമാറി. 151 കേസുകളെക്കുറിച്ച് നിലവിൽ അന്വേഷിക്കുകയാണെന്നും ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ നിന്നും അറിയിച്ചു.