ഇംഗ്ലണ്ട് പരമ്പര: ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല
Monday, January 22, 2024 3:54 PM IST
ന്യൂഡൽഹി: വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല. കോഹ്ലി അവധി ആവശ്യപ്പെട്ടുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് മത്സരങ്ങളിൽ നിന്ന് പിന്മാറുന്നതെന്നും ബിസിസിഐ അറിയിച്ചു.
കോഹ്ലിയുടെ വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമയോടും ടീം മാനേജ്മെന്റിനോടും കോഹ്ലി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരിഗണനയെന്നും എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും കോഹ്ലി പറഞ്ഞു.
ഉടൻ തന്നെ കോഹ്ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പര വ്യാഴാഴ്ച ഹൈദരാബാദിലാണ് ആരംഭിക്കുന്നത്.