മൂന്നാമതും വിവാഹിതനായി ഷൊയ്ബ് മാലിക്; വധു പാക്കിസ്ഥാൻ നടി
Saturday, January 20, 2024 1:33 PM IST
കറാച്ചി: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക്കിസ്ഥാൻ നടി സന ജാവേദാണ് ഭാര്യ. ഷൊയ്ബ് മാലിക്കിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഷൊയ്ബ് തന്നെയാണ് വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആയിഷ സിദ്ദീഖി ആണ് മാലിക്കിന്റെ ആദ്യ ഭാര്യ. 2010 ഏപ്രിൽ ഏഴിന് ഇവർ വിവാഹമോചിതരായി. തുടർന്ന് 2010 ഏപ്രിൽ 12-ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം കഴിച്ചെങ്കിലും ഇവരും വേർപിരിഞ്ഞു.
ഷൊയ്ബും സാനിയായും തമ്മിൽ വിവാഹമോചിതരായെന്ന വാർത്തകൾ പരന്നെങ്കിലും ഇതിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ ഇവർ വിവാഹമോചിതരായി എന്നതിന്റെ സൂചനകളുണ്ടായിരുന്നു.
വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക എന്നായിരുന്നു സാനിയായുടെ കുറിപ്പ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.