രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികളും കുറ്റക്കാർ
Saturday, January 20, 2024 11:16 AM IST
മാവേലിക്കര: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാർ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഒന്ന് മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവരാണ്. 13 മുതൽ 15 വരെയുള്ളവർ പ്രതികൾ സഹായം നൽകിയെന്നും കോടതി കണ്ടെത്തി.
പ്രതികൾ എല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഇവർ വീട് അതിക്രമിച്ചു കയറിയ കേസിലും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
കേസിൽ 13, 14,15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഒന്ന്, രണ്ട്, ഏഴ് പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. കുറ്റക്കാർക്കുള്ള ശിക്ഷ വിധി തിങ്കളാഴ്ച ഉണ്ടായേക്കും.
കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. 2021 ഡിസംബർ 19നായിരുന്നു കൊലപാതകം നടന്നത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ അക്രമികൾ 6.45 ഓടെ വീടിന്റെ ഡൈനിംഗ് ഹാളിലിട്ട് ചുറ്റികയ്ക്ക് ഇടിച്ചും വാളിനു വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കുന്നുപറന്പ് വീട്ടിൽ പരേതനായ കെ.എസ്. ശ്രീനിവാസൻ-വിനോദിനി ദന്പതികളുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു കിടന്ന കാറും ബൈക്കും മുറിക്കുള്ളിലെ ടീപ്പോയും ഗ്ലാസും അടിച്ചുതകർത്തു.
പുലർച്ചെ മൂത്തമകൾ ഭാഗ്യക്കു ട്യൂഷൻക്ലാസിനു പോകുന്നതിനു ഗേറ്റു തുറന്നുകൊടുത്ത ശേഷം വീടിനകത്തെ മുറിയിൽ ഇരിക്കുന്പോൾ സന്ദർശന മുറിയിൽ ശബ്ദം കേട്ടു പുറത്തേക്കു വന്ന രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം അടിച്ചു വീഴ്ത്തി. ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്കു കയറിവന്ന അമ്മ വിനോദിനി തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ വാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടിരുന്നു.
ശബ്ദം കേട്ട് അടുക്കളയിൽനിന്നു വന്ന ഭാര്യ അഡ്വ. ലിഷയുടെയും മുറിയിൽനിന്നു വന്ന ഇളയമകൾ ഹൃദ്യയുടെയും മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുകയായിരുന്നു. വിനോദിനിയുടെ കരച്ചിൽ കേട്ട് മുകളിലെ നിലയിലായിരുന്ന രഞ്ജിത്തിന്റെ സഹോദരൻ അഭിജിത്ത് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.