20 ഇലക്ട്രിക്ക് ബസുകൾ ഉടൻ വാങ്ങും; ഗണേഷ് കുമാറിന്റെ നിലപാട് തള്ളി ആര്യാ രാജേന്ദ്രൻ
Friday, January 19, 2024 7:55 PM IST
തിരുവനന്തപുരം: നഗരസഭ 20 ഇലക്ട്രിക്ക് ബസുകളും രണ്ട് ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസുകളും ഉടൻ വാങ്ങുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സംസ്ഥാനത്ത് ഇനി ഇലക്ട്രിക്ക് ബസുകൾ വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മേയറുടെ പ്രതികരണം.
തിരുവനന്തപുരത്തെ കാർബണ്‍ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷത്തിന്റെ നയം. ഇത് നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. പുതിയ ഇലക്ട്രിക്ക് ബസുകൾ നഗരത്തിൽ ഇനിയും സർവീസ് നടത്തും. പുതിയ ബസുകൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായതായി ആര്യ അറിയിച്ചു.
തലസ്ഥാനത്തെ ആളുകൾ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ് ഇലക്ട്രിക്ക് ബസുകളെ. ഏറെ ജനസ്വീകാര്യതയുള്ള പദ്ധതിയാണ് ഇത്. വളരെ വിവിജയമായ ഈ പദ്ധതി കോർപ്പറേഷൻ തുടരുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.