ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 11 മെസുകൾ അടപ്പിച്ചു
Friday, January 19, 2024 10:17 AM IST
തിരുവനന്തപുരം: ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. 76 സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാലു സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു.
ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1,597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്.
ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടർന്നും കൂടുതൽ പരിശോധനകൾ നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂൾ, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ, ഹോസ്റ്റൽ, മെസ് എന്നിവിടങ്ങിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ 159 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 75 സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി.