മണിപ്പൂരിൽ വീണ്ടും അക്രമം; സ്ഫോടനത്തിലും വെടിവയ്പ്പിലും പോലീസ് കമാൻഡോ കൊല്ലപ്പെട്ടു
Wednesday, January 17, 2024 2:41 PM IST
ഇംഫാൽ: കലാപത്തിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് മണിപ്പുരിൽ വീണ്ടും അക്രമം. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെ അതിർത്തി നഗരമായ മോറെയിൽ ഇന്ന് നടന്ന ആക്രമണത്തിൽ മണിപ്പുർ പോലീസ് കമാൻഡോ കൊല്ലപ്പെട്ടു. പ്രദേശത്ത് രാവിലെ മുതൽ വെടിവയ്പ്പ് തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മോറെക്ക് സമീപമുള്ള സുരക്ഷാ പോസ്റ്റിന് നേരെ അക്രമികൾ ബോംബ് എറിയുകയും വെടിവയ്പ്പ് നടത്തുകയുമായിരുന്നു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ഒരു പ്രധാന വ്യാപാര നഗരമാണ് മോറെ.
താത്കാലിക കമാൻഡോ പോസ്റ്റിന് നേരെ അക്രമികൾ ആർപിജി ഷെല്ലുകൾ പ്രയോഗിച്ചതായും പരിസരത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു.
മോറെയിലെ സ്റ്റേറ്റ് പോലീസ് കമാൻഡോയുടെ ഭാഗമായ ഐആർബി ഉദ്യോഗസ്ഥനായ വാംഗ്ഖേം സോമോർജിത് ആണ് മരിച്ചത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ മാലോം സ്വദേശിയാണ് സോമോർജിത്.
ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഗോത്രവിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കുക്കി ഗ്രൂപ്പുകളുടെ വൻ പ്രതിഷേധത്തിനിടയിലാണ് പുതിയ അക്രമം.