കരുവന്നൂർ: രാജീവ് ഇടപെട്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ഇ.പി. ജയരാജൻ
Tuesday, January 16, 2024 1:09 PM IST
തിരുവനന്തപുരം: കരുവന്നൂർ വിഷയത്തിൽ മന്ത്രി പി. രാജീവിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. കരുവന്നൂർ ബാങ്കിൽനിന്നും ലോണ്‍ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോ എന്ന് ജയരാജൻ ചോദിച്ചു.
ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് ഇടപെട്ടോയെന്ന് അറിയില്ല. അങ്ങനെ ഇടപെട്ടെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും ജയരാജൻ ചോദിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജയരാജൻ കടന്നാക്രമിച്ചു. വ്യവഹാരം നടത്തി ആളാകാൻ ശ്രമിക്കുന്ന ചിലരുണ്ടായിരുന്നു. സതീശൻ അങ്ങനെ തരംതാഴരുത്. ശല്യക്കാരനായ വ്യവഹാരിയെന്ന് പേര് അത്ര നല്ലതല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
മന്ത്രി പി. രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് അനധികൃത വായ്പകൾ അനുവദിക്കാൻ സമ്മർദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ മാപ്പുസാക്ഷിയായ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറിന്റെ മൊഴിയാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.
എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി അടക്കം മുതിർന്ന നേതാക്കളുടെയും സമ്മദർദം ചെലുത്തിയ ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ പേരുകളും സുനിൽ കുമാറിന്റെ മൊഴിയിലുണ്ട്. ബാങ്കിന്റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കള്ളപ്പണ ഇടപാടും വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്രിമമുണ്ട്.
ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണ മേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകുത്തികളാക്കിയാണു രാഷ്ട്രീയ നേതാക്കൾ തട്ടിപ്പു നടത്തിയതെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് രാജീവ് പറഞ്ഞു. ഒരു ജില്ലയിലെ പാര്‍ട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളില്‍ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലതും ഇനിയും വരുമെന്നും രാജീവ് പറഞ്ഞു.