20 മിനിറ്റ് ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ടു: കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു
Monday, January 15, 2024 9:32 PM IST
തിരുവനന്തപുരം: അനാവശ്യമായി കെഎസ്ആർടിസി ബസ് സ്റ്റാര്‍ട്ട് ചെയ്തിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ബസിലെ താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. സംഭവത്തിൽ രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര - കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ബസ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി പറഞ്ഞു. ബസ് 20 മിനിറ്റ് സ്റ്റാര്‍ട്ട് ചെയ്ത് ഇട്ടപ്പോൾ ഡ്രൈവറുടെ നടപടിയെ തടയാതിരുന്നതിന് ബസിലെ കണ്ടക്ടർ, ഡിപ്പോയിലെ ചാർജ്മാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാറശാല ഡിപ്പോയിലെ താത്കാലിക ഡ്രൈവര്‍ പി. ബൈജുവിനെ പിരിച്ചുവിട്ടു. പാറശാല ഡിപ്പോയിലെ കണ്ടക്ടർ രജിത്ത് രവി, പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്ജ്മാന് കെ. സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ബസിന്റെ തകരാറ് സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് പാറശാല ഡിപ്പോയിലെ ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്പെൻഡ് ചെയ്തത്.