നവകേരള സദസ് വൻ വിജയമെന്ന് സിപിഎം സംസ്ഥാന സമിതി
Saturday, January 13, 2024 8:45 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ നവകേരള സദസ് സിപിഎം സംസ്ഥാന സമിതി സമഗ്ര അവലോകനം നടത്തി. സദസ് വിജയമായിരുന്നെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ശനിയാഴ്ച ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം. നവകേരള സദസ് നടന്ന ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. തുടർ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശവും സർക്കാരിന് സിപിഎം സംസ്ഥാന സമിതി നൽകിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരേയുള്ള മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിനെതിരായ അന്വേഷണ നീക്കം അവഗണിക്കാനും സിപിഎം തീരുമാനിച്ചു. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.