എക്സാലോജിക്കിനെതിരായ അന്വേഷണം അവസാനം എന്താകുമെന്ന് പറയാനാകാത്ത സ്ഥിതി: വി.ഡി. സതീശൻ
Saturday, January 13, 2024 11:26 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കന്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ അവസാനം എന്താകും എന്ന് പറയാനാകാത്ത സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ കൊണ്ടുവന്ന് അന്വേഷിച്ച് രാഷ്ട്രീയമായ അവിഹിത ബന്ധമായി നിയമസഭ തെരഞ്ഞെടുപ്പിൽ മാറിയതുപോലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും മാറാനുള്ള ശ്രമമാണോ എന്ന് തങ്ങൾ സൂഷ്മമായി നിരീക്ഷിക്കും. കേരളത്തിലെ സിപിഎമ്മും സംഘപരിവാർ ശക്തികളുമായി ഒരു അവിഹിതമായ ബന്ധമുണ്ട്.
അത് എസ്എൻസി ലാവ്ലിൻ കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും കരുവന്നൂർ കേസിലും കണ്ടതാണ്. അത് തന്നെയാണോ മാസപ്പടിക്കേസിലും ആവർത്തിക്കാൻ പോകുന്നതെന്നും എന്നും സൂക്ഷമായി നിരീക്ഷിക്കും.
കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെ പോയി. കരുവന്നൂർ അന്വേഷണം തൃശൂരിൽ ബിജെപിക്ക് ജയിക്കാൻ വേണ്ടിയിട്ടുള്ള സെറ്റിൽമെന്റിന്റെ ഭാഗമായി മാറുകയാണോ എന്ന് തങ്ങൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അത് തന്നെയാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്പോഴാണ് കേന്ദ്ര ഏജൻസികൾ എത്തുന്നത്. സിപിഎം-ബിജെപി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിൽ.
നീതി പൂർവമായ അന്വേഷണം നടക്കുമോ എന്ന് സംശയമുണ്ട്. മുൻപുള്ള കേസുകളിൽ സിപിഎമ്മും സംഘപരിവാറുമായി അവിഹിത ബന്ധമുണ്ടായി. ഈ വിഷയത്തിൽ സിപിഎം നേതാക്കൾ ആരും പ്രതികരിക്കുന്നില്ല. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോ എന്നും സതീശൻ ചോദിച്ചു.