മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: നയൻതാരയ്ക്കെതിരെ കേസ്
Thursday, January 11, 2024 7:34 PM IST
ഭോപ്പാൽ: അന്നപൂരണി എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചലച്ചിത്രതാരം നയൻതാരയ്ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. ശ്രീരാമനെ നിന്ദിച്ചു, ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങി ആരോപണം ഉന്നയിച്ച് ഹിന്ദു സേവാ പരിഷത്ത് നൽകിയ പരാതിയിലാണ് കേസ്.
നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണു കേസ്. വിവാദം ഉയർന്നതിനെ തുടർന്ന് സിനിമ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു.
നയൻതാരയ്ക്കും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ മറ്റ് രണ്ട് സംഘടനകൾ പരാതി നൽകിയിരുന്നു. ഡിസംബർ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്.ഡിസംബർ അവസാനം നെറ്റ്ഫ്ലിക്സ് വഴി ചിത്രം പ്രദർശനം തുടങ്ങിയതോടെയാണ് വ്യാപക വിമർശനങ്ങളും പരാതികളും ഉയർന്നത്.