ഷേഖ് ഹസീന 37 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചു
Thursday, January 11, 2024 4:02 PM IST
ധാക്ക: ബംഗ്ലാദേശിൽ 37 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ച് ഷേഖ് ഹസീന. മന്ത്രിസഭയിൽ പ്രധാനമന്ത്രി ഹസീനയും 25 കാബിനറ്റ് മന്ത്രിമാരും 11 സഹമന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് കാബിനറ്റ് സെക്രട്ടറി മഹ്ബൂബ് ഹുസൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ മന്ത്രിസഭയിൽ 14 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 11ന് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുൾപ്പെടെയുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിയുടെ ഓഫീസിലാണ് സത്യപ്രതിജ്ഞ.
300 അംഗ പാർലമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 223 സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ ജാതീയ പാർട്ടി പതിനൊന്നിലും ബംഗ്ലാദേശ് കല്യാൺ പാർട്ടി ഒരു സീറ്റിലും ജയിച്ചു. 62 ഇടത്ത് സ്വതന്ത്രർക്കാണു ജയം.
മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വോട്ടർമാർ പൊതുവേ അവഗണിച്ച തെരഞ്ഞെടുപ്പിൽ 40 ശതമാനം മാത്രമായിരുന്നു പോളിംഗ്.
ഹസീന മൊത്തത്തിൽ അഞ്ചാം തവണയും തുടർച്ചയായ നാലാം തവണയുമാണു പ്രധാനമന്ത്രിയാകുന്നത്. 1996 മുതൽ 2001 വരെയും 2009 മുതലുമാണ് അവരുടെ ഭരണം.