ആമസോണിന്റെ സ്ട്രീമിംഗ് വിഭാഗത്തിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
വെബ് ഡെസ്ക്
Thursday, January 11, 2024 5:52 AM IST
സാൻഫ്രാൻസിസ്കോ: ടെക്ക് ഭീമനായ ആമസോണിന്റെ ഗെയിം സ്ട്രീമിംഗ് വിഭാഗമായ ട്വിച്ചിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. സാന്പത്തിക ഞെരുക്കത്തെ തുടർന്ന് 500 പേരെയാണ് ഇപ്പോൾ
പിരിച്ചുവിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കന്പനിയുടെ എന്റർടെയിൻമെന്റ് വിഭാഗത്തിൽ ഇനിയും ആളുകളെ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്. ആമസോൺ പ്രൈം വീഡിയോ,ആമസോൺ എംജിഎം സ്റ്റുഡിയോ എന്നീ വിഭാഗങ്ങളിലാകും വരും ദിവസങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കുക.
കഴിഞ്ഞ വർഷം മുതൽ തന്നെ കന്പനിയിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചിരുന്നു. ആഗോളതലത്തിൽ ഏകദേശം 27,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് കന്പനി. ഒരു ബില്യൺ യുഎസ് ഡോളറിന് 2014ലാണ് ട്വിച്ചിനെ ആമസോൺ ഏറ്റെടുക്കുന്നത്.
കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ട്വിച്ചിലെ ഉയർന്ന തസ്തികയിലുള്ളവരെ വരെ കന്പനി നീക്കം ചെയ്യുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ലാണ് എംജിഎം സ്റ്റുഡിയോയെ ആമസോൺ ഏറ്റെടുക്കുന്നത്.