വീടുകയറിയുള്ള അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല
Tuesday, January 9, 2024 10:20 AM IST
ന്യൂഡൽഹി: യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിന്റെ അസ്റ്റിൽ പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വീടുകയറിയുള്ള അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളെ ഇങ്ങനെയാണോ മുൻപുള്ള ഭരണകൂടങ്ങൾ നേരിട്ടിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേട്ടുകേൾവിയില്ലാത്ത നിലയിലാണ് പോലീസിന്റെ നടപടി ഉണ്ടായത്. വിദ്യാർഥികൾ ആദ്യമായിട്ടാണോ സമരം ചെയ്യുന്നത്. നേരത്തെയും സമരം ഉണ്ടായിട്ടുണ്ട്. നേരത്തെ ഇങ്ങനെയായിരുന്നോ നടപടി. ഒരിക്കലും നടക്കാൻ പാടില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി പനി പിടിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാഹുൽ. തിങ്കളാഴ്ചയാണ് രാഹുൽ വീട്ടിലെത്തിയത്. തിടുക്കപ്പെട്ട് അറസ്റ്റു ചെയ്യേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്നും ചെന്നിത്തല ചോദിച്ചു.
പിണറായി വിജയനെതിരെ സംസാരിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്താൽ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം പോലീസിനുണ്ട്. ഇതിനെ ജനകീയ പിന്തുണയോടെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.