അറബിക്കടലില്‍ യുദ്ധക്കപ്പലുകളുടെ എണ്ണം കൂട്ടി ഇന്ത്യ; നിരീക്ഷണം ശക്തമാക്കും
Tuesday, January 9, 2024 9:58 AM IST
ന്യൂഡല്‍ഹി: അറബിക്കടലില്‍ യുദ്ധക്കപ്പലുകളുടെ എണ്ണം കൂട്ടി നാവികസേന. ആറ് കപ്പലുകള്‍ കൂടിയാണ് നിരീക്ഷണത്തിനായി വിന്യസിച്ചത്. ഇതോടെ മേഖലയിലെ ആകെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി.
ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കാനുള്ള സംവിധാനങ്ങളും ലേസര്‍ ആയുധങ്ങളും മിസൈല്‍ സംവിധാനങ്ങളും മറീന്‍ കമാന്‍ഡോകളും ഉള്ള കപ്പലുകളാണ് പുതുതായി വിന്യസിച്ചത്. കടല്‍കൊള്ളക്കാര്‍, ഹൂതി വിമതരുടെ ആക്രമണം എന്നിവ മുന്നില്‍ക്കണ്ടാണ് നീക്കം.
ചെങ്കടലിലും അറബിക്കടലിലും അടുത്തിടെ ഹൂതികളുടെയും കടല്‍ക്കൊള്ളക്കാരുടെയും ആക്രമണം പതിവായിരുന്നു. മൂന്ന് ചരക്കുകപ്പുലള്ക്ക് നേരേയാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആക്രമണമുണ്ടായത്.
ഈ സാഹചര്യത്തില്‍ മേഖലയില്‍ ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്നും നടപടികള്‍ ശക്തമാക്കുമെന്നും നാവികസേന അറിയിച്ചിരുന്നു. ഡ്രോണുകളും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും മേഖലയില്‍ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി.