കേസിൽ നിന്ന് കുറ്റവിമുക്തയാക്കണം: കൂടത്തായി കേസ് പ്രതി ജോളിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
Monday, January 8, 2024 10:10 AM IST
ന്യൂഡൽഹി: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽനിന്നു കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കോഴിക്കോട് കൂടത്തായിയിൽ ബന്ധുക്കളായ ആറുപേരെ ഭക്ഷണത്തിൽ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി.
കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.