മുഖ്യമന്ത്രി പറയാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ല; സെന്തില്‍ ബാലാജി കേസില്‍ സുപ്രീംകോടതി
Friday, January 5, 2024 1:06 PM IST
ചെന്നൈ: മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി കോടതി തള്ളി.
മന്ത്രിസഭയില്‍നിന്ന് ഏതെങ്കിലും ഒരു മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് ഏകപക്ഷീയമായി ഉത്തരവിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ശിപാര്‍ശപ്രകാരം മാത്രമാണ് ഗവര്‍ണര്‍ക്ക് അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയുകയെന്നും കോടതി ഉത്തരവിട്ടു.
കള്ളപ്പണക്കേസില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തെ ഗവര്‍ണര്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാകാത്തതോടെ വകുപ്പില്ലാത്ത മന്ത്രിയായി ബാലാജി മന്ത്രിസഭയില്‍ തുടരുകയായിരുന്നു.
ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തേ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരേ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.