കേജരിവാളിനെ അറസ്റ്റ് ചെയ്താൽ അത്ഭുതപ്പെടാനില്ല; ഇഡിക്കെതിരെ ശരദ് പവാർ
Friday, January 5, 2024 7:12 AM IST
ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച സംഭവത്തിൽ വിമർശനവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. സമാന രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്തവരെ നിരുത്സാഹപ്പെടുത്താൻ കേന്ദ്രം അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ശരദ് പവാർ പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കേന്ദ്ര അന്വേഷണ ഏജൻസി സമൻസ് അയച്ചിട്ടുണ്ട്. അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് താൻ ഭയപ്പെടുന്നുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പവാർ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ജനങ്ങൾ കെജ്രിവാളിനെ അധികാരത്തിലെത്തിച്ചു. ആം ആദ്മി പാർട്ടി മന്ത്രിമാരെ ജയിലിലടച്ചിരിക്കുകയാണ്. കേജരിവാളിനെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പവാർ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകാൻ കേജരിവാളിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. കേജരിവാൾ ക്ലീൻ ഇമേജുള്ള ഒരു സിമ്പിൾ മനുഷ്യനാണെന്ന് ഡൽഹിയിലുള്ള എല്ലാവർക്കും അറിയാം.
അദ്ദേഹത്തെ അറസ്റ്റ് ചെയ്താലും അത്ഭുതപ്പെടാനില്ല. അധികാര ദുർവിനിയോഗം നടത്തി സമാന രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്തവരെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇതിനർഥമെന്നും ശരദ് പവാർ വ്യക്തമാക്കി.