പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഇടനില: ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഇന്റലിജൻസ്
വെബ് ഡെസ്ക്
Thursday, January 4, 2024 8:01 AM IST
തിരുവനന്തപുരം: കേരളത്തിലെ കോടതികളിലെത്തുന്ന പോക്സോ കേസുകൾ ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനില നിൽക്കുന്നുവെന്ന ഗുരുതര റിപ്പോർട്ടുമായ ഇന്റലിജൻസ് അധികൃതർ. റിപ്പോർട്ട് സംബന്ധിച്ച് വിശദാംശങ്ങൾ ഡിജിപി വിളിച്ച എഡിജിപി തലയോഗത്തിൽ ചർച്ചയായി.
നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് ഇരയുടെ പരാതി വന്നിരുന്നു. ഇതിനെ തുടർന്നുള്ള ഇന്റലിജൻസ് അന്വേഷണത്തിലാണ് നടുക്കുന്ന വിവരങ്ങൾ ലഭ്യമായത്.
സംസ്ഥാനത്തെ കോടതികളുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഒത്തുതീർപ്പാക്കുന്ന പോക്സോ കേസുകളുടെ എണ്ണം ഓരോ ജില്ലയിലും വർധിക്കുകയാണെന്നും ഇന്റലിജൻസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. ചില കേസുകളിൽ അട്ടിമറിവരെ നടക്കുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്.
പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് റിപ്പോർട്ടിലെ മുഖ്യകണ്ടെത്തൽ. മൊഴി മാറ്റുന്നതോടെ മിക്ക കേസുകളും തള്ളിപോകുകയും പ്രതികള്‍ രക്ഷപ്പെടുന്നതും പതിവാകുകയാണ്.
പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യം ഡിജിപി വിളിച്ച യോഗത്തിൽ വിലയിരുത്തി. കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.