മഹുവ മൊയ്ത്രയുടെ ഹർജി മാറ്റി സുപ്രീംകോടതി; അയോഗ്യത തുടരും
Wednesday, January 3, 2024 7:51 PM IST
ഡൽഹി: മുൻ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ഹർജി മാറ്റി സുപ്രീംകോടതി. പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്. ഹർജിയിൽ ലോക്സഭ സെക്രട്ടറിയേറ്റിന്റെ മറുപടിയും സുപ്രീംകോടതി തേടി. മാർച്ച് 11 -ലേക്കാണ് ഹർജി മാറ്റിയത്.
കേന്ദ്ര സർക്കാരിനോട് ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയ പരാതിയിലാണ് മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയത്. മുൻ പങ്കാളി ആനന്ദിനും നിഷികാന്ത് ദുബൈ എംപിക്കും എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും മഹുവ കോടതിയിൽ വാദിച്ചു.
ഭൂരിഭാദം എംപിമാരും ചോദ്യങ്ങൾ ചോദിക്കാൻ ലോഗിൻ വിവരങ്ങൾ കൈമാറാറുണ്ട്. അതാണ് താനും ചെയ്തതെന്നുമായിരുന്നു മഹുവയുടെ വാദം. എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം ലഭിച്ചില്ലെന്നും മഹുവ കോടതിയിൽ പറഞ്ഞു. സെക്രട്ടേറിയേറ്റിന്റെ മറുപടി ലഭിച്ച ശേഷം ഹർജി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. അതുവരെ മഹുവയുടെ അയോഗ്യത തുടരും.
നേരത്തെ, വ്യവസായി ഹിരാനന്ദാനിയുടെ കൈയിൽ നിന്ന് മഹുവ മൊയ്ത്ര പാരിതോഷകം കൈപ്പറ്റിയെന്നാരോപിച്ച് പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് കമ്മിറ്റി സമർപിച്ച റിപ്പോർട്ടിലും കുറ്റരക്കാരിയായി കണ്ടെത്തിയ മഹുവ മൊയ്ത്രക്ക് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ സഭയിൽ വൻ പ്രതിഷേധങ്ങളും നടന്നിരുന്നു