ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ; സുപ്രീംകോടതിയുടെ മാർഗരേഖ
Wednesday, January 3, 2024 2:54 PM IST
ന്യൂഡൽഹി: കോടതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിൽ മാർഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഹൈക്കോടതികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ എന്നും കോടതികളില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി വിളിച്ചുവരുത്തുന്നതില്‍ നിന്ന് കോടതികള്‍ മാറിനില്‍ക്കണം. എല്ലാ ഹൈക്കോടതികളും മാര്‍ഗരേഖ പിന്തുടരണം. സത്യവാംഗ്മൂലങ്ങളുടേയോ രേഖകളുടെയോ അടിസ്ഥാനത്തില്‍ കേസില്‍ തീര്‍പ്പ് ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.
വസ്തുതകള്‍ മറച്ചു വെക്കുന്നു, മനഃപൂര്‍വം രേഖകള്‍ കോടതിക്ക് കൈമാറുന്നില്ല തുടങ്ങിയ അവസരങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കാവൂ. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ ഉള്ള അവസരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് ഒരു ദിവസം മുമ്പെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.